Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
ജാമ്യം ലഭിച്ചാൽ പ്രതി കേസ് അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്ന് സർക്കാർ കോടതിയെ അറിയിക്കും. ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കും.
രണ്ടാമത്തെ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയത്. എംഎൽഎയെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേസിൽ എസ്. ജയശ്രീ നാലാം പ്രതിയും എസ്. ശ്രീകുമാർ ആറാം പ്രതിയുമാണ്. ജയശ്രീയുടെ അറസ്റ്റ് നേരത്തെ സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിരുന്നു. ശബരിമലയിലെ സ്വർണപാളികൾ
ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിറക്കിയെന്നാണ് ജയശ്രീക്കെതിരെയുള്ള ആരോപണം.
2019ൽ ആണ് ജയശ്രീ ഇതുസംബന്ധിച്ച ഉത്തരവിറക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച മഹസറിൽ ഒപ്പുവച്ചയാളാണ് എസ്. ശ്രീകുമാർ. ഇരുവരുടെയും ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക.
Kerala
കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല് തെറാപ്പിസ്റ്റുകളും പേരിന് മുന്നില് ഡോക്ടര് എന്ന് ചേര്ക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കല് ബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിര്ദേശം.
തെറാപ്പിസ്റ്റുകള് ഈ വിശേഷണം ഉപയോഗിക്കുന്നില്ലെന്ന് അധികൃതര് ഉറപ്പാക്കണമെന്ന് ഇടക്കാല ഉത്തരവില് ജസ്റ്റീസ് വിജി അരുണ് നിര്ദേശിച്ചു.
തെറാപ്പിസ്റ്റുകള് ഡോക്ടര് എന്ന് ചേര്ക്കുന്നത് 1916ലെ ഇന്ത്യന് മെഡിക്കല് ഡിഗ്രീസ് ആക്ട് പ്രകാരം ശരിയല്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്ദേശവും കോടതി ചൂണ്ടിക്കാട്ടി.
സ്പെഷ്യലിസ്റ്റ് മെഡിക്കല് ഡോക്ടര്മാരുടെ സംഘടനയായ ഇന്ത്യന് അസോസിയേഷന് ഓഫ് ഫിസിക്കല് മെഡിസിന് ആന്ഡ് റിഹാബിലിറ്റേഷന് സമര്പ്പിച്ച ഹര്ജിയാണ് കോടതി പരിഗണിച്ചത്.
തെറാപ്പിസ്റ്റുകള് ഡോക്ടര് എന്ന് ചേര്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിക്കപ്പെട്ട ഹര്ജിയില് നാഷണല് മെഡിക്കല് കമ്മീഷനും ഹൈക്കോടതി നോട്ടീസയച്ചു. കേസ് ഡിസംബര് ഒന്നിന് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2004 മോഡൽ വാഹനം ഇറക്കുമതി ചെയ്തത് റെഡ് ക്രോസ് ആണെന്നും അഞ്ച് വർഷമായി ഉപയോഗിക്കുന്ന വാഹനം രേഖകൾ പ്രകാരം നിയമവിധേയമായാണ് വാങ്ങിയതെന്നുമാണ് ദുൽഖറിന്റെ വാദം.
കസ്റ്റംസിന്റെ കസ്റ്റഡിയിൽ വാഹനം ശരിയായി സൂക്ഷിക്കാൻ സാധ്യതയില്ലെന്നും തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.